Kerala
തിരുവനന്തപുരം: ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് പൂർണരൂപത്തിൽ പ്രസിദ്ധീകരിക്കണമെന്ന് ബിജെപി സംസ്ഥാന വൈസ്പ്രസിഡന്റ് ഷോണ്‍ ജോർജ്.
പാലൊളി കമ്മിറ്റി റിപ്പോർട്ട് 28 ദിവസംകൊണ്ടു നടപ്പാക്കിയവരാണ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് 33 മാസമായി പൂഴ്ത്തിവച്ചിരിക്കുന്നത്. പ്രതിപക്ഷമായ കോണ്‍ഗ്രസിനും ഇക്കാര്യത്തിൽ യാതൊരു ആത്മാർഥതയുമില്ലെന്നും ഷോണ്‍ ജോർജ് പറഞ്ഞു.
വിവരാവകാശം കൊടുത്തിട്ടുപോലും വ്യക്തമായ മറുപടി ലഭിക്കുന്നില്ല. വിവിധ വകുപ്പുകളുടെ പഠനത്തിനു വിട്ടിരിക്കുന്നുവെന്ന ഒഴുക്കൻ മറുപടിയാണുള്ളത്.
റിപ്പോർട്ടിലെ 222 നിർദേശങ്ങൾ നടപ്പാക്കിയെന്നാണ് തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായുള്ള മുഖ്യമന്ത്രിയുടെ അവകാശവാദം. ഇതു കാപട്യമാണ്. മുഖ്യമന്ത്രി പറയുന്ന നിർദേശങ്ങൾ നടപ്പാക്കിയതിലൂടെ ക്രൈസ്തവ ജനവിഭാഗത്തിന് എന്തു നേട്ടമാണുണ്ടായതെന്നുകൂടി വെളിപ്പെടുത്താൻ തയാറാകണമെന്നും ഷോണ്‍ ആവശ്യപ്പെട്ടു.
Kerala
കൊച്ചി: ജെ.ബി. കോശി കമ്മീഷന് റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കണമെന്നും ശിപാര്‍ശകള്‍ നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ട് കെഎല്‍സിഎ കേരളത്തിലെ 140 നിയോജക മണ്ഡലങ്ങളിലും ജനകീയ കണ്‍വന്‍ഷനുകള്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.
ആദ്യപടിയായി 12 ലത്തീന്‍ രൂപതകളിലും ഓരോ നിയോജക മണ്ഡലങ്ങളില്‍ വീതം ജനകീയ കണ്‍വെന്‍ഷനുകള്‍ തുടങ്ങും.
സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ലത്തീന്‍ സഭാ വക്താവ് ജോസഫ് ജൂഡ്, കെഎല്‍സിഎ സംസ്ഥാന ജനറല്‍ സെക്രട്ടറി ബിജു ജോസി, സംസ്ഥാന ട്രഷറര്‍ രതീഷ് ആന്റണി, രൂപത പ്രസിഡന്റുമാരായ ഗോഡ്സണ്‍ ഡിക്രൂസ്, ബിനു എഡ്വേര്‍ഡ്, ജോണ്‍ ജോസഫ്, അനില്‍ കുന്നത്തൂര്‍, റോയി ഡികൂഞ്ഞ, ജനറല്‍ സെക്രട്ടറിമാരായ കെ.ജെ. സെബാസ്റ്റ്യന്‍, സോളമന് ജോണ്‍, സംസ്ഥാന ഭാരവാഹികളായ പൂവം ബേബി, സാബു കാനക്കാപള്ളി, സംസ്ഥാന മാനേജിംഗ് കൗണ്‍സില്‍ അംഗങ്ങളായ ഹെര്‍ബര്‍ട്ട് ജോസഫ്, തങ്കച്ചന് തെക്കേപലക്കല്, അഡ്വ. ഫ്രാന്‍സിസ് നെറ്റോ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Leader Page
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് കേരളരാഷ്ട്രീയത്തിൽ നിർണായകമായിരിക്കുമെന്നതിൽ സംശയമില്ല. അതിൽതന്നെ ക്രൈസ്തവ സമുദായ അംഗങ്ങളുടെ തീരുമാനത്തിന് ഏറെ പ്രാധാന്യവുമുണ്ട്. ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ ക്രൈസ്തവസമുദായം അവരനുഭവിക്കുന്ന അനീതിക്കും ബോധപൂർവകമായ അവഗണനയ്ക്കും വഞ്ചനയ്ക്കുമെതിരേ വ്യക്തമായ വിധിനിർണയം നടത്തും എന്നതിലും സംശയമില്ല. ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കാത്തത് ചരിത്രപരമായ അനീതിയാണെന്ന് ക്രൈസ്തവസമൂഹം ഒന്നടങ്കം രാഷ്ട്രീയപാർട്ടികളെ ശക്തമായി അറിയിച്ചിട്ടുള്ളതാണ്.
വിവിധ മേഖലകളിൽ പിന്നാക്കാവസ്ഥ നേരിടുന്ന ക്രൈസ്തവ വിഭാഗങ്ങളുടെ കേരളത്തിലെ സാമൂഹ്യ-സാമ്പത്തിക യാഥാർഥ്യങ്ങൾ ശാസ്ത്രീയമായി പഠിച്ച കമ്മീഷനായിരുന്നു ജെ.ബി. കോശി കമ്മീഷൻ. അത് വികാരപരമായി മെനഞ്ഞെടുത്ത തട്ടിക്കൂട്ട് രേഖയല്ല; സ്ഥിതിവിവരക്കണക്കുകളും യാഥാർഥ്യങ്ങളും അടിസ്ഥാനമാക്കി ശാസ്ത്രീയമായി തയാറാക്കിയ ഒരു നീതിപത്രമാണ് എന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. എന്നാൽ, ആ നീതിപത്രം മാസങ്ങളും വർഷങ്ങളും കടന്നുപോയിട്ടും ഭരണകൂടത്തിന്റെ മേശവലിപ്പിൽ പുറംലോകം കാണാതെ പൊടിപിടിച്ചു കിടക്കുകയാണ്.
റിപ്പോർട്ട് ഉണ്ടായി; നീതി ഉണ്ടായില്ല
മുന്നാക്ക-പിന്നാക്ക വിഭാഗങ്ങളിലെ കത്തോലിക്കർ, മത്സ്യത്തൊഴിലാളി ക്രൈസ്തവർ, മലയോര മേഖലകളിലെ കർഷക സമൂഹങ്ങൾ, പരമ്പരാഗത തൊഴിൽ മേഖലകളിൽ കഴിയുന്ന ക്രൈസ്തവർ, കുട്ടനാട്ടിലെയും തീരദേശത്തെയും ക്രൈസ്തവർ എന്നിവരൊക്കെ കേരളത്തിന്റെ വികസനചരിത്രത്തിൽ പലപ്പോഴും സൗകര്യപൂർവം പിന്നോട്ട് തള്ളപ്പെട്ടവരാണ്. വിദ്യാഭ്യാസം, തൊഴിൽ, ഭൂമി, ക്ഷേമപദ്ധതികൾ തുടങ്ങി എല്ലായിടത്തും പിന്നാക്കാവസ്ഥ വ്യക്തമായിട്ടും, അതിനു പരിഹാരം നിർദേശിക്കുന്ന കോശി കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കാൻ സർക്കാർ തയാറായില്ല എന്നത് ഒരു ഭരണപരമായ വീഴ്ചയല്ല, മറിച്ച് ഒരു സമൂഹത്തോടുള്ള രാഷ്ട്രീയ വഞ്ചനയാണ്; സാമൂഹ്യനീതി എന്ന ആശയത്തോടുള്ള തുറന്ന അവഹേളനമാണ് എന്ന് പറയാതെ വയ്യ.
വോട്ടിനായി മാത്രം ന്യൂനപക്ഷ പ്രേമം
തെരഞ്ഞെടുപ്പ് കാലങ്ങളിൽ മാത്രം ന്യൂനപക്ഷ സംരക്ഷണം പറയുന്ന രാഷ്ട്രീയ സംസ്കാരം കേരളത്തിൽ മാറിമാറി പരീക്ഷിക്കുക പതിവാണ്. എന്നാൽ, അധികാരം ലഭിച്ചാൽ, റിപ്പോർട്ടുകളും ശിപാർശകളും സൗകര്യപൂർവം മറക്കുന്നു. ജെ.ബി. കോശി കമ്മീഷൻ അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്. തങ്ങളുടെ പിന്നാക്കാവസ്ഥ പഠിക്കാൻ കമ്മീഷൻ വേണം; പക്ഷേ പരിഹരിക്കാൻ രാഷ്ട്രീയ മനസ് വേണ്ടെന്നാണോ? ഈ ചോദ്യം ക്രൈസ്തവ സമൂഹം ഇനി സൗമ്യമായി ചോദിച്ചാൽ മതിയാകില്ല. ഇച്ഛാശക്തിയോടെ, സുവ്യക്തമായി രാഷ്ട്രീയ കേരളത്തോട് ചോദിക്കേണ്ട സമയമാണ് വരാൻ പോകുന്നത്.
ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലം ഭരണപക്ഷത്തിനു നൽകിയ വ്യക്തമായ മുന്നറിയിപ്പിന്റെ ജനസ്വരമായിരുന്നു. അതുകൊണ്ട് സമീപകാല തെരഞ്ഞെടുപ്പ് ഫലങ്ങൾ രാഷ്ട്രീയ പാർട്ടികൾ ഗൗരവത്തോടെ വിലയിരുത്തേണ്ടതാണ്. ഈ ഫലങ്ങളിൽ ക്രൈസ്തവ അവഗണനയ്ക്കെതിരായ ശക്തമായ പ്രതികരണമുണ്ടെന്ന യാഥാർഥ്യം തിരിച്ചറിയണം. പല പ്രദേശങ്ങളിലും ഭരണകക്ഷികൾക്ക് സംഭവിച്ച വോട്ട് ചോർച്ച, പരമ്പരാഗത രാഷ്ട്രീയ വിശ്വാസങ്ങളിൽ പൊതുജനത്തിനുണ്ടാകുന്ന നിസംഗത, തങ്ങളുടെ കോട്ടകളെന്നു പാർട്ടികൾ കരുതിപ്പോന്ന പല സ്ഥലങ്ങളിലും സ്വതന്ത്രരും പ്രാദേശിക കൂട്ടായ്മകളും ശക്തമായി കളം പിടിക്കുന്ന കാഴ്ച ഇതൊന്നും വികാരാധീനമായ പ്രതിഷേധമായി തള്ളിക്കളയാനാവില്ല. സാധാരണ പൗരന്റെ സർക്കാരിനോടുള്ള ബോധപൂർവമായ അകൽച്ചയാണ് ഇവിടെ വെളിവാകുന്നത്. “ഞങ്ങളെ കേൾക്കുന്നില്ലെങ്കിൽ, ഞങ്ങളും നിങ്ങളെ കേൾക്കില്ല” എന്ന ജനാധിപത്യ സന്ദേശം കഴിഞ്ഞ ലോക്സഭാ, ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലങ്ങൾ ഭരണവർഗത്തിന് നൽകുന്നുണ്ട് എന്നത് നിസ്തർക്കമാണ്.
ക്രൈസ്തവർക്ക് അന്യായമായതൊന്നും ആവശ്യമില്ല. എന്നാൽ, ഭരണഘടന അനുവദിക്കുന്ന ന്യായമായ അവകാശങ്ങൾപോലും നിഷേധിക്കുന്നത് പ്രതിഷേധാർഹമാണ്. വിദ്യാഭ്യാസ കാര്യങ്ങളിലും ന്യൂനപക്ഷ അവകാശങ്ങളുടെ കാര്യങ്ങളിലും സാമൂഹ്യനീതിയുടെ ദൃശ്യമായ ഫലങ്ങൾ വെളിപ്പെടുത്തുന്ന നിലപാടുകളും പ്രവർത്തനങ്ങളും സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടതായിരുന്നു. എന്നാൽ, ഇതൊന്നും സംഭവിച്ചില്ല. അതിനാൽതന്നെ അടിസ്ഥാനതലത്തിൽ നടന്ന തെരഞ്ഞെടുപ്പു വിശകലനം കാണിക്കുന്നത് സർക്കാരിനോടുള്ള രാഷ്ട്രീയ വിശ്വാസം അടിസ്ഥാനവർഗങ്ങൾക്ക് പ്രത്യേകിച്ച് ക്രൈസ്തവ വിഭാഗങ്ങൾക്ക് നഷ്ടമായിരിക്കുന്നു എന്നതാണ്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് രാഷ്ട്രീയ പാർട്ടികൾക്ക് അവസാന മുന്നറിയിപ്പല്ല; അവസാന അവസരമാണ്.
ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കുമെന്ന വ്യക്തമായ രാഷ്ട്രീയ പ്രതിജ്ഞ ഇല്ലാതെ, ക്രൈസ്തവ സമൂഹത്തിന്റെ വിശ്വാസം തിരിച്ചുപിടിക്കാൻ ഒരു മുന്നണിക്കും കഴിയില്ല.
ഇത് ഒരു സമുദായത്തിന് പ്രത്യേക ആനുകൂല്യം ആവശ്യപ്പെടുന്ന പോരാട്ടമല്ല, മറിച്ച് ഭരണഘടന ഉറപ്പുനൽകുന്ന സാമൂഹ്യനീതിക്കായുള്ള അവകാശസംരക്ഷണ പോരാട്ടമാണ്. ഇത് തുല്യതയ്ക്കും നീതിക്കും വേണ്ടിയുള്ള ഒരു സമൂഹത്തിന്റെ സമരമാണെന്ന് കത്തോലിക്ക കോൺഗ്രസ് ആവർത്തിച്ചു വ്യക്തമാക്കിയിട്ടുള്ളതാണ്. കത്തോലിക്ക കോൺഗ്രസ് ഒരു രാഷ്ട്രീയ പാർട്ടിയല്ല. എന്നാൽ, സാമൂഹ്യനീതിയുടെ കാവൽക്കാരാണ്.
അതുകൊണ്ട് വ്യക്തമായി പറയാനുള്ളത്:
•ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് പൂർണമായി നടപ്പാക്കണം.
•അതിന് സമയബന്ധിതമായ നിയമനിർമാണവും പദ്ധതികൾക്ക് വേണ്ട തുകയും ബജറ്റിൽ ഉറപ്പാക്കണം.
അല്ലെങ്കിൽ, ക്രൈസ്തവ സമൂഹം കത്തോലിക്ക കോൺഗ്രസിന്റെ നേതൃത്വത്തിൽ ജനാധിപത്യപരമായ എല്ലാ മാർഗങ്ങളിലൂടെയും പ്രതികരിക്കും. അവഗണിക്കപ്പെട്ട സമൂഹങ്ങൾ ഒടുവിൽ രാഷ്ട്രീയ ചരിത്രം മാറ്റും എന്നത് കേരളത്തിന്റെ ഗതകാല ചരിത്രം പഠിപ്പിക്കുന്ന പാഠമാണ്.
(എകെസിസി ഗ്ലോബൽ ഡയറക്ടറാണ് ലേഖകന്‍)
Kerala
കൊച്ചി: കേരളത്തിലെ ക്രൈസ്തവരുടെ പിന്നാക്കാവസ്ഥ പഠിക്കാൻ നിയമിക്കപ്പെട്ട ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ടിലെ ശിപാർശകൾ ഗുണഭോക്താക്കളുമായി ചർച്ച ചെയ്തു നടപ്പാക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം ആരംഭിക്കുമെന്ന് കെഎൽസിഎ.
സംസ്ഥാന വ്യാപകമായി കൺവൻഷനുകളും പ്രചാരണയോഗങ്ങളും സംഘടിപ്പിക്കാൻ കൊച്ചിയിൽ നടന്ന മാനേജിംഗ് കൗൺസിൽ യോഗം തീരുമാനിച്ചു.
വിവിധ നിയോജകമണ്ഡലങ്ങൾ കേന്ദ്രീകരിച്ചും താലൂക്കടിസ്ഥാനത്തിലും ജില്ലാ കേന്ദ്രങ്ങളിലും സമരപരിപാടികൾ സംഘടിപ്പിക്കും.
ഫെബ്രുവരി 15ന് ആലപ്പുഴയിൽ നടക്കുന്ന 54 -ാമത് സംസ്ഥാന ജനറൽ കൗൺസിൽ യോഗത്തിൽ പ്രക്ഷോഭം സെക്രട്ടേറിയറ്റിനു മുന്നിലേക്ക് വ്യാപിപ്പിക്കുന്നതുൾപ്പെടെ കൂടുതൽ നടപടികൾ പ്രഖ്യാപിക്കും.
മാനേജിംഗ് കൗൺസിൽ യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ് അധ്യക്ഷത വഹിച്ചു.